70 വയസിന് മുകളിലുള്ളവര്‍ക്കായി പുതിയ ഡ്രൈവിംഗ് നിയമം പ്രാബല്യത്തില്‍

എഴുപതു വയസുകഴിഞ്ഞ് വാഹനമോടിക്കുന്നവര്‍ക്കായി പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍. ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങളില്‍ മാറ്റം വരുത്തിയത് അപകടങ്ങളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ്. റോഡിലൂടെ പോകുന്നവരുടെ സുരക്ഷ ഉറപ്പാക്കാനാണ് നിര്‍ദ്ദേശം കൊണ്ടുവന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
പ്രായം കൂടുന്നതോടെ കാഴ്ച ശക്തി കുറയുന്നതും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും പെട്ടെന്ന് പ്രതികരിക്കാനുള്ള കഴിവ് കുറയല്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് പുതിയ നിര്‍ദ്ദേശം കൊണ്ടുവന്നത്.
70 വയസുകഴിഞ്ഞാല്‍ ലൈസന്‍സ് കാലാവധി തീരുകയും മൂന്നു വര്‍ഷത്തേക്ക് സൗജന്യമായി പുതുക്കുകയുമായിരുന്നു രീതി. ഇനി പുതുക്കണമെങ്കില്‍ കണ്ണുകളുടെ പരിശോധന നിര്‍ബന്ധമാണ്. ചില ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്ക് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് മാത്രമേ ലഭിക്കു. ഡിമെന്‍ഷ്യ, ഡയബറ്റിസ്, എപ്പിലപ്‌സി, പാര്‍ക്കിന്‍സണ്‍ എന്നിങ്ങനെ രോഗമുള്ളത് മറച്ചുവച്ചാല്‍ ആയിരം പൗണ്ട് പിഴയോ നിയമ നടപടികളോ നേരിടേണ്ടിവരും.
പുതിയ നിയമങ്ങള്‍ റോഡില്‍ ഏവരും സുരക്ഷിതമായിരിക്കാനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ പ്രായമായവരോടുള്ള വിവേചനം എന്നാണ് മുതിര്‍ന്നവരുടെ സംഘടനകള്‍ വിമര്‍ശിക്കുന്നത്.