ഡിജിറ്റല്‍ ഐഡി കാര്‍ഡ് ബെനഫിറ്റ് തട്ടിപ്പുകള്‍ തടയുമെന്ന് ഹോം സെക്രട്ടറി

യുകെയില്‍ ജോലി ചെയ്യുന്നതിന് ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതി അടുത്തവര്‍ഷം ആദ്യം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും നിയമവിരുദ്ധമായ കുടിയേറ്റം തടയുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പിന്നാലെ ഡിജിറ്റല്‍ ഐഡി കാര്‍ഡിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു.
എന്നാല്‍ ഇതിനു ഉപകാരങ്ങള്‍ പലതുണ്ടെന്നാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കുന്നത്. ഇതൊരു തിരിച്ചറിയല്‍ രേഖ മാത്രമല്ല ബെനഫിറ്റുകളില്‍ തട്ടിപ്പു നടത്തുന്നത് തടയാനും ഉപയോഗപ്പെടുമെന്ന് ഹോം സെക്രട്ടറി പറയുന്നു. ബ്രിട്ടനില്‍ ജോലി ചെയ്യാനുള്ള അവകാശം വ്യക്തമാക്കുന്ന ഐഡി കാര്‍ഡ് എന്നായിരുന്നു ആദ്യ സമയത്തെ പ്രഖ്യാപനം. എന്നാല്‍ ചര്‍ച്ചയായതോടെ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതു സമൂഹത്തിലെ ചില ചൂഷണങ്ങള്‍ തടയാന്‍ ഉപകാരപ്പെടുമെന്ന് ഹോം സെക്രട്ടറി ലേബര്‍ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി. ഡിജിറ്റല്‍ ഐഡി കാര്‍ഡ് സ്മാര്‍ട്ട്‌ഫോണിലാണ് ശേഖരിച്ചുവയ്ക്കുക. പേര്, അഡ്രസ്, പൗരത്വ വിവരങ്ങള്‍, ബയോമെട്രിക് ഫോട്ടോഗ്രാഫുകള്‍ എന്നിവ ഡിജിറ്റല്‍ ഐഡി കാര്‍ഡിലുണ്ടാകും.
വ്യക്തികള്‍ ഐഡി കൈവശം വെക്കുന്നതും ഹാജരാക്കേണ്ടതും നിര്‍ബന്ധമാകില്ലെങ്കിലും യുകെയില്‍ ജോലി ചെയ്യാനുള്ള അവകാശം തെളിയിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാക്കും.