News

Share

നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും 5 വര്‍ഷം കഴിഞ്ഞാല്‍ സെറ്റില്‍മെന്റ്; കെയര്‍ വിസക്കാര്‍ക്ക് 15 വര്‍ഷം

നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും 5 വര്‍ഷം കഴിഞ്ഞാല്‍ സെറ്റില്‍മെന്റ്; കെയര്‍ വിസക്കാര്‍ക്ക് 15 വര്‍ഷം

കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടെ ഏറ്റവും വലിയ കുടിയേറ്റ നിയമ മാറ്റങ്ങള്‍ ആഭ്യന്തര മന്ത്രി ശബാന മഹ്‌മൂദ് പ്രഖ്യാപിച്ചു. പുതിയ രീതി അനുസരിച്ച് ഇനി കുടിയേറ്റക്കാര്‍ക്ക് ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയ്ന്‍ ലഭിച്ചതുകൊണ്ടുമാത്രം സര്‍ക്കാര്‍ ആനുകൂല്യങ്ങളോ മറ്റ് സൗകര്യങ്ങളോ ലഭിക്കില്ല. ബ്രിട്ടീഷ് പൗരത്വം നേടിയാലേ ആനുകൂല്യങ്ങള്‍ ലഭിക്കുക. 2026 മുതല്‍ 2030 വരെ ഏകദേശം 1.6 ദശലക്ഷം പേര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭിക്കാനിരിക്കേ അവരുടെ അവകാശങ്ങളില്‍ മാറ്റം വരും. 2023 ല്‍ ബ്രിട്ടനിലെത്തിയവരില്‍ ഇന്ത്യന്‍ വംശജര്‍ കൂടുതലായതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരെ അധികമായി ബാധിക്കും.

2021 മുതല്‍ എത്തിയ ഏകദേശം രണ്ടു ദശലക്ഷം കുടിയേറ്റക്കാരെ ബാധിക്കുമെന്നാണ് കണക്കുകള്‍. ഇവര്‍ക്കിനി സ്ഥിര താമസത്തിന് പത്തുവര്‍ഷം കാത്തിരിക്കണം.

 

2022 മുതല്‍ 2024 വരെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വിസയിലെത്തിയ ആറു ലക്ഷത്തിലധികം താഴ്ന്ന വരുമാനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും 15 വര്‍ഷം വരെ കാത്തിരിക്കേണ്ടിവരും. വിസാ കാലാവധി കഴിഞ്ഞും നിയമ വിരുദ്ധമായി തുടര്‍ന്നാല്‍ 30 വര്‍ഷം വരെ കാത്തിരിക്കണം. ഇതിനകം സെറ്റില്‍ഡ് സ്റ്റാറ്റസ് നേടിയവര്‍ക്ക് പുതിയ നിയമങ്ങള്‍ ബാധകമല്ല.

 

എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്ഥിര താമസം നേടാനുള്ള ഇളവ് ഒട്ടേറെ മലയാളികള്‍ക്ക് ആശ്വാസകരമാണ്. നിരവധി മലയാളികളാണ് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കുകയില്ലെന്നത് തിരിച്ചടിയാണ്.

 

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന ചെയ്യുന്ന ഉയര്‍ന്ന വരുമാനക്കാരായ വിദഗ്ധര്‍ക്കും സംരഭകര്‍ക്കും മൂന്നു വര്‍ഷത്തിനുള്ളില്‍ ഫാസ്റ്റ് ട്രാക്ക് സെറ്റില്‍മെന്റ് ലഭിക്കും.

Latest News

Loading..