ഷെഫീല്‍ഡില്‍ 16കാരന്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍; വ്യാപക പൊലീസ് പരിശോധന
ഷെഫീല്‍ഡില്‍ 16കാരന്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ വ്യാപകമായ പൊലീസ് പരിശോധന. തിങ്കളാഴ്ച വൈകിട്ട് 5.15-ഓടെ വെടിവയ്പ് നടന്നുവെന്ന വിവരം ലഭിച്ചതോടെ പൊലീസ് വലിയ സംഘവുമായി പ്രദേശത്തെത്തിയിരുന്നു. പൊലീസാണ് പരിക്കുകളോടെ ബാലനെ ആശുപത്രിയിലേക്ക് മാറ്റിയത് . സംഭവസ്ഥലത്തേയ്ക്കുള്ള പ്രവേശനം പോലീസ് തടഞ്ഞിരിക്കുകയാണ്.
ഗൗരവകരമായ സംഭവമാണിതെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തിനു പിന്നിലെ കാരണങ്ങള്‍ കണ്ടെത്താനും ബന്ധപ്പെട്ടവരെ പിടികൂടാനും പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രദേശത്ത് അധിക പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധന തുടരുന്നതിനാല്‍ സംഭവം നടന്ന റോഡില്‍ ഗതാഗതത്തിന് ചൊവ്വാഴ്ചയും തടസ്സം നേരിടുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് എന്തെങ്കിലും അറിവുള്ളവര്‍ മുന്നോട്ട് വരണമെന്നും വിവരങ്ങള്‍ കൈമാറണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.