മിക്ക വീടുകളുടെയും കൗണ്‍സില്‍ ടാക്സ് ബാന്റ് ഉയരും; 2 മില്യണ്‍ പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് അധിക നികുതി!
ബജറ്റിന് ഒരു ദിവസം ബാക്കി നില്‍ക്കെ ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സ് സകലരെയും നികുതിവേട്ടക്ക് ഇരയാക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആനുകൂല്യങ്ങളില്‍ പ്രതിവര്‍ഷം 15 ബില്യണ്‍ പൗണ്ടിന്റെ വര്‍ധന വരുത്താനാണ് ഒരുക്കം. ഇംഗ്ലണ്ടിലെ ബാന്‍ഡ് എഫ്, ജി, എച്ച് വീടുകള്‍ക്ക് നികുതി പുനര്‍നിര്‍ണ്ണയം നടത്താന്‍ ചാന്‍സലര്‍ ഒരുങ്ങും എന്നാണ് കരുതുന്നത്. ഇത് വീട്ടുടമസ്ഥര്‍ക്ക് സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കും എന്നതില്‍ സംശയമില്ല.
20 ലക്ഷം പൗണ്ടിലധികം വിലയുള്ള വീടുകള്‍ക്ക് അധിക നികുതി ചുമത്തിയേക്കും. സമ്പന്നരില്‍ നിന്നും ധനം സമാഹരിക്കണമെന്ന ലേബര്‍ പാര്‍ട്ടിയുടെ നയമാണ് മാന്‍ഷന്‍ ടാക്സ് എന്ന് വിളിക്കുന്ന ഈ അധിക നികുതിക്ക് കാരണമാകുന്നത്. അതേസമയം, ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്ന ടാക്സ് തെര്‍ഷ്‌ഹോള്‍ഡ് ഇനിയും രണ്ട് വര്‍ഷം കൂടി തുടരും എന്ന സൂചനയാണ് ട്രഷറി വൃത്തങ്ങള്‍ നല്‍കുന്നത്. ഈ അദൃശ്യമായ നികുതിവേട്ട ലക്ഷക്കണക്കിന് ആളുകളെ പുതിയതായി വരുമാന നികുതി പരിധിക്കുള്ളില്‍ കൊണ്ടുവരും. അദ്ധ്വാനിക്കുന്ന വര്‍ഗത്തിന് മേല്‍ നികുതി വര്‍ധിപ്പിക്കില്ല എന്ന ലേബര്‍ പാര്‍ട്ടിയുടെ നയം ഇതുവഴി ലംഘിക്കുകയാണെന്ന് വിദഗ്ധര്‍ പറയുന്നു.
ചാന്‍സലര്‍ വിഭാവനം ചെയ്യുന്ന മാന്‍ഷന്‍ ടാക്സ് നിലവില്‍ വന്നാല്‍ അത് ഒരു ലക്ഷത്തിലധികം വീട്ടുടമകളെ ബാധിക്കും എന്നാണ് കരുതപ്പെടുന്നത്. ഇടത്തരക്കാരെയാണ് സര്‍ക്കാരിലേക്ക് പണം സമാഹരിക്കുന്നതിനായി ചാന്‍സലര്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന ആരോപണം ഇതോടെ കൂടുതല്‍ ശക്തമാവുകയാണ്. കൗണ്‍സില്‍ ടാക്സ് ബാന്‍ഡുകളിലെ ഏറ്റവും മുകളിലുള്ള മൂന്ന് തട്ടുകളില്‍ പെടുന്ന വീടുകള്‍ക്ക് മാന്‍ഷന്‍ ടാക്സ് എന്ന അധിക നികുതി ചുമത്താനാണ് ചാന്‍സലര്‍ ഉദ്ദേശിക്കുന്നത്. 2000 പൗണ്ട് വരെയാകാം ഈ അധിക നികുതി എന്നാണ് കണക്കാക്കപ്പെടുന്നത്.
ബാന്‍ഡ് എഫ് കൗണ്‍സില്‍ ടാക്‌സില്‍ പെടുന്ന 1.3 മില്ല്യണ്‍ മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ഇതില്‍ പങ്ക് നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ലണ്ടനിലും, സൗത്ത് ഈസ്റ്റിലുമുള്ള കുടുംബങ്ങള്‍ക്ക് അവരുടെ വീടുകളുടെ മൂല്യം കൂടുതലായതിനാല്‍ ഈ സര്‍ചാര്‍ജ്ജ് നല്‍കേണ്ടി വരും.
ശരാശരി 3293 പൗണ്ട് വരെ നല്‍കുന്ന ബില്ലുകള്‍ക്ക് പുറമെയാണ് നൂറുകണക്കിന് പൗണ്ട് കൂടി അധികം ചേര്‍ക്കപ്പെടുക. ഇതിന് പുറമെ ബാന്‍ഡ് എഫ്, ജി, എച്ച് എന്നീ വിഭാഗങ്ങളില്‍ പെടുന്ന പ്രോപ്പര്‍ട്ടികളില്‍ താമസിക്കുന്ന 150,000 ഭവനഉടമകളില്‍ ഭൂരിഭാഗവും പ്രതിവര്‍ഷം ആയിത്തോളം പൗണ്ട് അധിക ചെലവ് വഹിക്കേണ്ടി വരും.
എഫ്, ജി, എച്ച് ബാന്‍ഡുകളില്‍ ഉള്‍പ്പെടുന്ന വീടുകളുടെ നികുതികളില്‍ വരുന്ന ഏതൊരു മാറ്റവും തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട്, ലണ്ടന്‍, ഇംഗ്ലണ്ടിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ വീടുകളെ ബാധിക്കും എന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. വടക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍ മുകളിലെ മൂന്ന് തട്ടില്‍ ഉള്‍പ്പെടുന്ന 43,000 വീടുകള്‍ ഉള്ളപ്പോള്‍, തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍ ഈ വിഭാഗത്തില്‍ പെടുന്ന 6,45,000 വീടുകളാണ് ഉള്ളത്. ബക്കിംഗ്ഹാംഷയര്‍, കെന്‍സിംഗ്ടണ്‍, ചെല്‍സിയ എന്നീ പ്രദേശങ്ങളിലായിരിക്കും നികുതി വര്‍ദ്ധന ഏറ്റവും അധികം ബാധിക്കുക. ബേണ്‍ലി, ബോസ്റ്റണ്‍ എന്നിവിടങ്ങളിലായിരിക്കും ഏറ്റവും കുറവ് ബാധിക്കുക.
നികുതി വര്‍ധനവുകള്‍ സംബന്ധിച്ച് വലിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. ആരെയെല്ലാം ഇത് ബാധിക്കുമെന്ന ആശങ്കയാണ് ബാക്കിയുള്ളത്. പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് നിലനിര്‍ത്താന്‍ റീവ്‌സ് തയ്യാറാകുമെന്നാണ് ഇപ്പോഴുള്ള സൂചന.
എന്നാല്‍ ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ച് നിര്‍ത്താന്‍ ചാന്‍സലര്‍ തീരുമാനിച്ചാല്‍ ഏകദേശം 9.3 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ കൂടുതല്‍ നികുതി നല്‍കേണ്ടി വരുമെന്ന അവസ്ഥയാണ്. 2030 വരെ ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ച് നിര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഇതുമൂലം വരുമാനം വര്‍ധിക്കുമ്പോള്‍ നികുതി ബാന്‍ഡുകളില്‍ ചെന്നുപെടാനുള്ള സാധ്യതയും കൂടുതലാണ്. ഇതില്‍ സ്റ്റേറ്റ് പെന്‍ഷന്‍ വാങ്ങുന്ന പെന്‍ഷന്‍കാരും പെടാന്‍ സാധ്യതയുണ്ടെന്നതാണ് തിരിച്ചടിയാകുന്നത്.
ഇംഗ്ലണ്ടിലെ പത്തിലൊന്ന് വീടുകളെ നികുതി ബാധിക്കുമെന്നാണ് കരുതുന്നത്. ബാന്‍ഡ് എഫ് അല്ലെങ്കില്‍ അതിന് മുകളില്‍ പെടുന്ന വീടുകളെ പുനര്‍മൂല്യനിര്‍ണ്ണയം നടത്തിയ ശേഷം അധിക ചാര്‍ജ്ജ് ഏര്‍പ്പെടുത്താനാണ് ശ്രമം.