എ&ഇയില്‍ രോഗികളുടെ കൂട്ടത്തിരക്ക്; പുതിയ മുന്നറിയിപ്പുമായി എന്‍എച്ച്എസ്; എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ചികിത്സ കിട്ടാതെ രോഗികള്‍ മടങ്ങുമ്പോള്‍
അനാവശ്യ കാര്യങ്ങള്‍ക്ക് എ&ഇയില്‍ ചികിത്സ തേടിയെത്തുന്ന ആളുകള്‍ അടിയന്തര ആവശ്യങ്ങള്‍ നേരിടുന്നവര്‍ക്ക് ചികിത്സ നിഷേധിക്കുന്ന അവസ്ഥയാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ട്. മൂക്കടപ്പിനും, തൊണ്ടവേദനയ്ക്കും, ചെവിവേദനയ്ക്കും വരെ ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ ആക്‌സിഡന്റ് & എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ എത്തിയത്. ഇവര്‍ക്ക് ജിപിമാരുടെ അടുത്തും, ഫാര്‍മസിസ്റ്റിനെ സമീപിച്ചാലും ചികിത്സ ലഭിക്കുമായിരുന്നുവെന്ന് എന്‍എച്ച്എസ് ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ വര്‍ഷം മറ്റിടങ്ങളില്‍ ചികിത്സ നല്‍കാന്‍ കഴിയുമായിരുന്ന 200,000-ലേറെ പേരെയാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് എ&ഇ യൂണിറ്റുകള്‍ ചികിത്സിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 96,998 ആളുകളാണ് തൊണ്ടവേദനയുമായി ചികിത്സ തേടിയത്. 8669 പേര്‍ക്ക് ചൊറിച്ചിലും, 384 പേര്‍ക്ക് ഇക്കിളുമായിരുന്നുവെന്ന് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ പറയുന്നു.
84,000 ചെവിവേദന കേസുകള്‍, 6000 മൂക്കടപ്പ് കേസുകള്‍, നഖത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട 389 കേസുകള്‍ എന്നിവയാണ് 2024 നവംബറിനും, 2025 മാര്‍ച്ചിനും ഇടയിലായി എ&ഇകള്‍ക്ക് നേരിടേണ്ടി വന്നത്. ഇത്തരം അനാവശ്യ ചികിത്സകളുടെ കുത്തൊഴുക്കാണ് എ&ഇകള്‍ക്ക് നേരിടേണ്ടി വരുന്നതെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കുന്നു.
എ&ഇകള്‍ പതിവിലും തിരക്കേറിയ അവസ്ഥയിലാണെന്ന് മുന്നറിയിപ്പ് നല്‍കുന്ന എന്‍എച്ച്എസ് രോഗികള്‍ക്ക് മറ്റെവിടെയെല്ലാം ചികിത്സ കിട്ടുമെന്ന ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. എ&ഇ ആക്‌സിഡന്റ് & എമര്‍ജന്‍സിയാണെന്നും, എന്തിനും ഏതിനും ഇവിടെ വരരുതെന്നും ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിച്ചു.