News

Share

ബോണ്ടിയിലെ ആക്രമണത്തിന്റെ തുടക്കത്തിൽ ആയുധധാരികൾ സ്‌ഫോടകവസ്തുക്കൾ എറിഞ്ഞു; ആഴ്ചകൾ മുമ്പ് വെടിവെപ്പ് പരിശീലനം നടത്തി: പൊലീസ്

ബോണ്ടിയിലെ ആക്രമണത്തിന്റെ തുടക്കത്തിൽ ആയുധധാരികൾ സ്‌ഫോടകവസ്തുക്കൾ എറിഞ്ഞു; ആഴ്ചകൾ മുമ്പ് വെടിവെപ്പ് പരിശീലനം നടത്തി: പൊലീസ്

ബോണ്ടിയിലെ ആക്രമണത്തിന്റെ തുടക്കത്തിൽ ആയുധധാരികൾ സ്‌ഫോടകവസ്തുക്കൾ എറിഞ്ഞുവെന്നും, ആക്രമണത്തിന് ആഴ്ചകൾ മുമ്പ് അവർ വെടിവെപ്പ് പരിശീലനം നടത്തിയിരുന്നുവെന്നും പൊലീസ് ആരോപിക്കുന്നു. ബോണ്ടി ബീച്ച് ആക്രമണത്തിൽ സംശയിക്കപ്പെടുന്ന തോക്കുധാരികൾ ആക്രമണത്തിന്റെ തുടക്കത്തിൽ സ്‌ഫോടകവസ്തുക്കൾ എറിഞ്ഞതായും, ആക്രമണം നടത്തുന്നതിന്  ആഴ്ചകൾ മുമ്പ് വെടിവെപ്പിൽ പരിശീലനം നടത്തിയതായും കോടതിയുടെ പുതിയ രേഖകളിൽ പറയുന്നു.

 

ഡിസംബർ 14-ന് നടന്ന ഹനുക്കാ ആഘോഷത്തിനിടെ രണ്ട് തോക്കുധാരികൾ നടത്തിയ വെടിവെയ്പ്പിൽ 15 പേർ കൊല്ലപ്പെടുകയും പന്ത്രണ്ടോളം  പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രേഖകൾ പ്രകാരം, “ടെന്നീസ് ബോൾ ബോംബ്” ഉൾപ്പെടെയുള്ള സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചെങ്കിലും പൊട്ടിത്തെറിക്കാതെ  പരാജയപ്പെടുകയാണ് ഉണ്ടായത്.

 

24 വയസുള്ള നവീദ് അക്രത്തിനാണ് 15 കൊലപാതക കുറ്റങ്ങൾ ഉൾപ്പെടെ ഭീകരവാദക്കുറ്റം അടക്കം 59 കുറ്റങ്ങൾ ചുമത്തപ്പെട്ടിരിക്കുന്നത്. രണ്ടാമത്തെ തോക്കുധാരി — അദ്ദേഹത്തിന്റെ പിതാവ് സജീദ് അക്രം — സംഭവസ്ഥലത്ത് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. രേഖകൾ പ്രകാരം, ഇവർ ഇരുവരും മാസങ്ങളോളം അതിസൂക്ഷ്മമായി ആക്രമണം പദ്ധതിയിടുകയും , വെടിവെപ്പിന് രണ്ട് ദിവസം മുമ്പ് പരിശോധനയ്ക്കായി ബോണ്ടി സന്ദർശിക്കുകയും ചെയ്തിരുന്നു.

 

രക്ഷപ്പെട്ടവരുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനായി പൊലീസ് ഫാക്ട് ഷീറ്റ് പുറത്തിറക്കുന്നതിൽ താൽക്കാലിക നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അത് തിങ്കളാഴ്ച റദ്ദാക്കുകയും ചില ഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് രേഖകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. തോക്കുധാരികളുടെ നീക്കങ്ങൾ പിന്തുടരുന്ന നിരവധി വീഡിയോകളുടെ വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് മുമ്പുള്ള മാസങ്ങൾ, ദിവസങ്ങൾ, മണിക്കൂറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) സംഘത്തിന്റെ പതാകയുടെ ചിത്രത്തിന് മുന്നിൽ ഇവർ ഇരിക്കുന്നതായി അവരുടെ മൊബൈൽ ഫോണുകളിൽ ചിത്രീകരിച്ച ഒരു വീഡിയോയും പുറത്തു വിട്ടു. 

 

ആക്രമണത്തിന് അവരെ പ്രേരിപ്പിച്ച ഘടകങ്ങളെക്കുറിച്ചു സംസാരിക്കുന്നതും  സയോണിസ്റ്റുകളുടെ പ്രവർത്തനങ്ങളെ അപലപിക്കുന്നതും കേൾക്കാമെന്ന് പൊലീസ് പറയുന്നു. നവീദ് അക്രം അറബിയിൽ ഖുർആനിലെ ഒരു ഭാഗം പാരായണം ചെയ്യുന്നതായി തോന്നുന്ന ദൃശ്യങ്ങളും റെക്കോർഡ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

ഒക്ടോബറിൽ എടുത്ത മറ്റൊരു ദൃശ്യത്തിൽ പിതാവും മകനും ഗ്രാമപ്രദേശത്തുള്ള ഒരു സ്ഥലത്ത് ആയുധപരിശീലനം നടത്തുന്നത് കാണുന്നതായും, അത് ന്യൂ സൗത്ത് വെയിൽസിലാണെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു. അവർ “ഷോട്ട്ഗണുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയും തന്ത്രപരമായി നീങ്ങുകയും ചെയ്യുന്നത്” ദൃശ്യങ്ങളിൽ കാണാമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

 

ഡിസംബർ 12-നുള്ള വൈകുന്നേരം എടുത്ത സിസിടിവി ദൃശ്യങ്ങളിൽ ബോണ്ടി ബീച്ചിന് സമീപം അവരുടെ കാറിൽ നവീദും അദ്ദേഹത്തിന്റെ പിതാവുമെന്ന് സംശയിക്കുന്ന രണ്ട് പേര് ഉള്ളതായി കാണാൻ സാധിച്ചുവെന്നും പോലീസ് പറയുന്നു.

 

നവീദും അദ്ദേഹത്തിന്റെ പിതാവായ എസ്. അക്രവും വാഹനത്തിൽ നിന്ന് ഇറങ്ങി ഫുട്ബ്രിഡ്ജിലൂടെ നടക്കുന്നത് കാണാം. രണ്ട് ദിവസം ശേഷം അവർ ആക്രമണം നടത്തിയത് ഇതേ സ്ഥലത്തു വച്ചാണ്;  രേഖയിൽ പറയുന്നു. ഇത് ഭീകരാക്രമണത്തിന്റെ നിരീക്ഷണവും പദ്ധതിയിടലും നടന്നതിന്റെ തെളിവാണെന്ന് പൊലീസ് ആരോപിക്കുന്നു. ആക്രമണത്തിനിടെ ന്യൂ സൗത്ത് വെയിൽസ് പൊലീസ്  സജീദ് അക്രമിനെ വെടി വെച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊലീസിന്റെ വെടിവെപ്പിൽ നവീദ് അക്രമിന്  ഗുരുതരമായി പരിക്കേൽക്കുകയും  തിങ്കളാഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റുകയും ചെയ്തു. 

 

ബോണ്ടി ബീച്ചിലെ ആക്രമണം തോക്ക് ഉടമസ്ഥതയിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യങ്ങളും, വർധിച്ചു വരുന്ന യഹൂദവിരുദ്ധതയിൽ നിന്ന് ജൂത സമൂഹത്തെ സംരക്ഷിക്കാൻ കൂടുതൽ നടപടികൾ വേണമെന്ന ആവശ്യങ്ങളും ശക്തമാക്കി.

വെടിവെപ്പിനെ തുടർന്ന് നിർദ്ദേശിച്ച തോക്കുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി, തിങ്കളാഴ്ച ന്യൂ സൗത്ത് വെയിൽസ് പാർലമെന്റ് വീണ്ടും ചേർന്നു.

Latest News

Loading..