News

Share

ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും

ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും

അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍. ഇതോടെ മലയാളികളടക്കം ആയിരങ്ങള്‍ തിരിച്ചടി നേരിട്ടു. മദ്ധ്യപൂര്‍വ്വേഷ്യയിലെ ആകാശം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ അടച്ചു പൂട്ടപ്പെട്ടു. ബഹ്‌റൈന്‍, ഖത്തര്‍, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങി. സുരക്ഷിതമായ ഇടങ്ങളില്‍ കഴിയണമെന്നും യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ സമയാസമയങ്ങളില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം ഈ രാജ്യങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും കിഴക്കന്‍ മേഖലകളിലേക്കും, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള വ്യോമഗതാഗതത്തില്‍ ഈ മേഖലയ്ക്ക് സുപ്രധാനമായ പങ്കാണ് ഉള്ളത്. 2025ല്‍ ദുബായിലേയും അബുദാബിയിലേയും വിമാനത്താവളങ്ങളില്‍ കൂടി മാത്രം 127 മില്യണ്‍ യാത്രക്കാരാണ് കടന്നുപോയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

മദ്ധ്യപൂര്‍വ്വ ദേശങ്ങളിലേക്കുള്ള നിരവധി വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതായി ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു. റദ്ദ് ചെയ്ത വിമാനങ്ങളില്‍ പോകാനിരുന്നവര്‍ക്ക് മുഴുവന്‍ ടിക്കറ്റ് തുകയും തിരികെ നല്‍കുമെന്ന് അറിയിച്ച ബ്രിട്ടീഷ് എയര്‍വെയ്‌സ്, യാത്രാ തടസവുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കേണ്ടി വരികയോ മറ്റ് ചെലവുകള്‍ ഉണ്ടാവുകയോ ചെയ്താല്‍ അതും വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദുബായില്‍ നിന്നും ദുബായിലേക്കുമുള്ള സര്‍വീസുകള്‍ റദ്ദ് ചെയ്തതായി എമിറേറ്റ്‌സും അറിയിച്ചു. ഇസ്രയേല്‍, ദുബായ്, അബുദാബി, അമ്മാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ എല്ലാം മാര്‍ച്ച് ഏഴു വരെ റദ്ദ് ചെയ്തിരിക്കുന്നതായി വിസ് എയറും അറിയിച്ചു.

അതിനിടെ ലണ്ടനില്‍ നിന്നും ദുബായിലെക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയ വെര്‍ജിന്‍ അറ്റ്‌ലാന്റിക്, ഇറാഖ് വ്യോമപാത ഉപയോഗിക്കുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിടാനും തുടങ്ങി. നെടുമ്പാശേരിയില്‍ നിന്നുള്ളത് ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നും ഈ മേഖലയിലേക്കുള്ള നിരവധി വിമാന സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. അടുത്ത 24 മണിക്കൂര്‍ നേരത്തേക്കാണ് എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. അതിനിടെ, മദ്ധ്യപൂര്‍വ്വേഷ്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിരവധി യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
മദ്ധ്യപൂര്‍വ്വേഷ്യ സംഘര്‍ഷഭരിതമായതോടെ എഡിന്‍ബര്‍ഗില്‍ നിന്നും ഖത്തറിലേക്ക് പോവുകയായിരുന്ന വിമാനം, പാതിവഴിയില്‍ യാത്ര അവസാനിച്ച് തിരികെ പറന്നു

യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, ജോര്‍ദ്ദാന്‍, ലെബനന്‍, ഇസ്രയേല്‍, ഇറാന്‍, ഇറാഖ്, എന്നിവയിലൂടെയുള്ള വ്യോമപാതകള്‍ പൂര്‍ണ്ണമായും അടച്ചപ്പോള്‍, സൗദി അറേബ്യയി ഭാഗികമായി വ്യോമപാതകള്‍ അടച്ചു. ഹീത്രൂവില്‍ നിന്നും പറന്നുയരാന്‍, റണ്‍വേയിലൂടെ ഓടിയിരുന്ന ഖത്തര്‍ എയര്‍വെയ്‌സിന്റെ ഒരു വിമാനവും യാത്ര റദ്ദാക്കി ടെര്‍മിനലിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

ടെല്‍ അവീവിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും ബ്രിട്ടീഷ് എയര്‍വേയ്‌സ് മാര്‍ച്ച് മൂന്നു വരെ നിര്‍ത്തിയിരിക്കുകയാണ്. ബെയ്‌റൂട്ടിലേക്കും ഒമാനിലേക്കും ഉള്ള വിമാന സര്‍വ്വീസുകളും മാര്‍ച്ച് മൂന്നു വരെ റദ്ദാക്കിയിരിക്കുകയാണ്. ദുബായില്‍ നിന്നും ദുബായിലേക്കും ഉള്ള എല്ലാ സര്‍വീസുകളും നോര്‍വീജിയന്‍ എയറും റദ്ദാക്കി.

Latest News

Loading..