പ്രതിരോധ ആക്രമണങ്ങള്‍ക്കായി ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യര്‍ത്ഥന രാജ്യം അംഗീകരിച്ചെന്ന് കീര്‍ സ്റ്റാര്‍മര്‍
ഇറാന്റെ മിസൈല്‍ ശേഖരണ കേന്ദ്രങ്ങള്‍ക്കും ലോഞ്ചറുകള്‍ക്കും എതിരായ പ്രതിരോധ ആക്രമണങ്ങള്‍ക്കായി ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യര്‍ത്ഥന രാജ്യം അംഗീകരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. മേഖലയിലാകെ ഇറാന്‍ മിസൈലുകള്‍ തൊടുക്കുന്നത് തടയുക എന്ന പരിമിതമായ പ്രതിരോധ ലക്ഷ്യത്തോടെയാണ് യുഎസിന് താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്ന് എക്‌സിലെ വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട യുഎസ് ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ബ്രിട്ടന്‍ പങ്കെടുക്കില്ലെന്നും ഇനി നടക്കാനിരിക്കുന്ന ആക്രമണങ്ങളില്‍ പങ്കുചേരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രത്യോക്രമണങ്ങള്‍ ബ്രിട്ടീഷ് പൗരന്മാര്‍ താമസിക്കുന്ന ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും പതിച്ചതായും ഇതു ബ്രിട്ടീഷ് പൗരന്മാരെ വലിയ അപകടത്തിലാക്കിയതായും കീര്‍ സ്റ്റര്‍മാര്‍ ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ നിലവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും മിസൈലുകള്‍ വിക്ഷേപിക്കുന്നതിനു മുമ്പ് അവയുടെ ഉറവിടത്തില്‍ തന്നെ നശിപ്പിക്കുക എന്നതാണ് ഭീഷണി ഒഴിവാക്കാനുള്ള ഏക മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.