News

Share

ഹോം സെക്രട്ടറിയുടെ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ അടുത്ത ആഴ്ച പാര്‍ലമെന്റില്‍; കുടിയേറ്റക്കാര്‍ക്ക് ആകാംക്ഷ

ഹോം സെക്രട്ടറിയുടെ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ അടുത്ത ആഴ്ച പാര്‍ലമെന്റില്‍; കുടിയേറ്റക്കാര്‍ക്ക് ആകാംക്ഷ

കുടിയേറ്റക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷബാന മഹ്മൂദിന്റെ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ അടുത്ത ആഴ്ച പാര്‍ലമെന്റിന് മുന്നിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. എംപിമാര്‍ ഇടവേളയ്ക്കായി പോകുന്നതിന് തൊട്ടുമുന്‍പായാണ് ഈ നീക്കം. ബാക്ക്‌ബെഞ്ചില്‍ നിന്നും വിമതനീക്കം ഉണ്ടാകാന്‍ ഇടയുണ്ടെന്ന ഭീഷണി ഒഴിവാക്കാനാണ് നടപടി.

ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ബാധിക്കുന്ന വിധത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള ഹോം സെക്രട്ടറിയുടെ പദ്ധതി ക്യാബിനറ്റില്‍ ഭിന്നിപ്പിന് കാരണമായിരുന്നു. ഡസന്‍ കണക്കിന് ലേബര്‍ എംപിമാര്‍ നീക്കത്തിന് എതിരെ വോട്ട് ചെയ്യുമെന്നും അറിയിച്ചിരുന്നു. ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കാന്‍ അഞ്ച് വര്‍ഷത്തിന് പകരം 15 വര്‍ഷം വരെ കാത്തിരിക്കണമെന്ന നിബന്ധനയാണ് എതിര്‍പ്പിന് ഇടയാക്കിയത്.

കമ്മ്യൂണിറ്റീസ് സെക്രട്ടറി ആഞ്ചെല റെയ്‌നര്‍, എനര്‍ജി സെക്രട്ടറി മിയാത്ത ഫാന്‍ബുള്ളെ തുടങ്ങിയവര്‍ പദ്ധതിയെ പരസ്യമായി എതിര്‍ത്തിട്ടുണ്ട്. ഇമിഗ്രേഷന്‍ & അസൈലം ബില്ലില്‍ വെള്ളം ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് 80 എംപിമാരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കിയാല്‍ അത് വര്‍ഷങ്ങളായി യുകെയില്‍ തങ്ങുകയും, സംഭാവന നല്‍കുകയും ചെയ്ത കുടിയേറ്റക്കാരെ കൂടി ബാധിക്കുമെന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ പദ്ധതികള്‍ മയപ്പെടുത്താന്‍ ഷബാന മഹ്മൂദ് തയ്യാറാകുമെന്നാണ് വിവരം.

ഈ പദ്ധതികളാണ് അടുത്ത ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ മഹ്മൂദ് തയ്യാറെടുക്കുന്നത്. സ്വന്തം എംപിമാരുടെ വിമതനീക്കം ഭയന്ന് ബില്ലില്‍ ഇളവുകള്‍ നല്‍കുന്നത് മലയാളികള്‍ ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ക്ക് ആശ്വാസമാകും.

ബ്രിട്ടനില്‍ അഞ്ച് വര്‍ഷം താമസിച്ച് പെര്‍മനന്റ് സെറ്റില്‍മെന്റ് ലഭിക്കാന്‍ ദിവസങ്ങളും, ആഴ്ചകളും മാത്രം ബാക്കിനില്‍ക്കുന്നവര്‍ക്ക് പോലും നെഞ്ചിടിപ്പാണ്. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ അനിശ്ചിതാവസ്ഥയില്‍ കാത്തിരിക്കുകയാണ്.

പെര്‍മനന്റ് സെറ്റില്‍മെന്റ് നേടാനുള്ള കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്നും പത്തായി വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യപനം തന്നെയാണ് ആശങ്കയ്ക്ക് കാരണം.

ഈ ഘട്ടത്തിലാണ് വിഷയത്തില്‍ ബേണ്‍ഹാം ക്യാബിനറ്റിലെ വിഭാഗീയത മറനീക്കി പുറത്തുവരുന്നത്. സെറ്റില്‍മെന്റ് സ്റ്റാറ്റസ് ലഭിക്കാനായി കുടിയേറ്റക്കാര്‍ കൂടുതല്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന ഹോം ഓഫീസ് പദ്ധതിക്കെതിരെ എനര്‍ജി സെക്രട്ടറി മിയാത്താ ഫഹന്‍ബുള്ളെയാണ് രംഗത്ത് വന്നിരിക്കുന്നത്.

സെറ്റില്‍മെന്റ് നല്‍കാനായി സമയം കൂട്ടുന്നത് ആളുകളെ ഒരുമിച്ച് ചേര്‍ക്കുന്ന നടപടിയും നീട്ടിക്കൊണ്ട് പോകുമെന്നാണ് പെക്കാം എംപി മിയാത്ത കുറിച്ചത്. കുടിയേറ്റം ശ്രദ്ധയോടെയും, നിയന്ത്രണത്തോടെയും, സഹിഷ്ണുതയോടെയും കാണേണ്ട കാര്യമാണെന്ന് പെക്കാം എംപി കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നല്‍കുന്നത് വൈകിപ്പിച്ചില്ലെങ്കില്‍ കൊവിഡ് സമയത്ത് റെക്കോര്‍ഡ് തോതില്‍ എത്തിയ കുടിയേറ്റക്കാര്‍ ബ്രിട്ടനില്‍ സ്ഥിരതാമസത്തിന് യോഗ്യത നേടുമെന്നാണ് ഹോം സെക്രട്ടറി വാദിച്ചിരുന്നത്.

 

 
 

Latest News